Monday, February 26, 2007

മണിരത്നത്തിന്‍റെ ഗുരു

വിനോദത്തിനു മാത്രമാണോ സിനിമ ? അതിനപ്പുറം സിനിമകള്‍ക്ക് സമൂഹത്തിനു എന്താണ് നല്‍കാനുളളത് ? സമൂഹത്തില്‍
ഏറെ സ്വാധീനം ചെലുത്തുന്ന ഈആധുനിക കലാരൂപത്തിനു കവിതയും കഥയും പോലെ മനുഷ്യ മനസുകളില്‍ ആനന്ദവും ലക്ഷ്യബോധവും നല്‍കാനാകുന്പോഴാണ് കലയുടെ യഥാര്‍ത്ഥ ധര്‍മം പൂര്‍ത്തിയാവുക.മണിരത്നം സംവിധാനം ചെയ്ത 'ഗുരു'എന്ന ചലച്ചിത്രം പ്രേക്ഷകരുടെ മനസിലേക്കിറങ്ങുന്നത് ഈ ധര്‍മം പാലിക്കപ്പെട്ടതു കൊണ്ടാണ്.ദേശീയതയിലൂന്നി കഥ പറയുന്ന മണിരത്നം അണിയിച്ചൊരുക്കിയ ഗുരുവും ആ ജനുസില്‍ പ്പെട്ടത് തന്നെയാണ്. ദേശീയതയെന്നാല്‍ ദേശീയ വികാരത്തില്‍ ഊറ്റം കൊളളുന്നതിലും തീവ്രവാദത്തിനെതിരെയുളള പൊരുതലിലും മാത്രമൊതുങ്ങുന്നതല്ല എന്നു ചൂണ്ടിക്കാണിക്കുന്നതാണ് ഗുരുവെന്ന ഈ പുതിയ മണിരത്നചിത്രം.
സ്വതന്ത്ര ഭാരതം നേരിടുന്ന പ്രശ്നങ്ങളും,സ്വപ്നങ്ങളും ആശയ വൈരുദ്ധങ്ങളും പരസ്പരം പോരടിക്കുന്ന ചിത്രത്തില്‍ തനിക്ക് ശരിയെന്ന് തോന്നുന്നതിനെ മുറുകെ പിടിക്കുകയും പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ടു യാത്ര ചെയ്യുകയും ചെയ്ത ഒരു വ്യവസായിയുടെ കഥയാണ് ഗുരു. സിനിമയിലെ മുഖ്യ കഥാപാത്രം തികച്ചും സാങ്കല്പികം മാത്രമാണെന്ന് പറയുന്പോഴും അവരില്‍ നിഴലിച്ചേക്കാവുന്ന ചില ഭാവങ്ങള്‍ ജീവിച്ചിരുന്ന പ്രമുഖരുടേതാണെന്ന് തോന്നല്‍ മണിരത്നം സൂക്ഷിച്ചിരിക്കുന്നു.അഭിഷേക് ബച്ചന്‍ അവതരിപ്പിക്കുന്ന ഗുരു വെന്ന കഥാപാത്രം പലപ്പോഴും അംബാനിയേയും മറ്റു പല വ്യവസായ പ്രമുഖരെയും നമ്മെ ഒാര്‍മിപ്പിക്കുന്നു.
ഉത്തര ഭാരതത്തിലെ ഒരു സാധാരണ ഗ്രാമത്തില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് ജോലി തേടി പോകുന്ന ഗുരു അവിടെ സ്ഥിരം ജോലി ലഭിക്കുന്ന ഗുരു തിരിച്ചു ഭാരതത്തിലേക്ക് തന്നെ പോരുന്നു..ഇനി ആരുടെയും കീഴില്‍ ജോലിയെടുക്കാന്‍ തയ്യാറാകാതെ ബിസിനസിലേക്ക് ഇറങ്ങാന്‍ അയാള്‍ തീരുമാനിക്കുന്നു.അയാളെ കാത്തിരുന്നത് എതിര്‍പ്പുകളും പ്രശ്നങ്ങളുമാണ്. വിഢ്ഢിത്തം കാണിക്കാതെ ജോലിയിലേക്ക് തിരിച്ചു പോകാന്‍ പറയുന്ന അഛന്‍ നിരുത്സാഹപ്പെടുത്തുന്ന സുഹൃത്തുക്കളും വീട്ടുകാരും, പണത്തിന്‍റെ പ്രശ്നം.പക്ഷേ അതിനെയെല്ലാം അതിജീവിക്കാന്‍ അയാള്‍ക്ക് കഴിയുന്നു.തന്നേക്കാള്‍ ഒരു വയസു മൂപ്പുളള സുഹൃത്തിന്‍റെ സഹോദരിയെ വിവാഹം കഴിക്കുന്ന അയാള്‍ സ്ത്രീധനപ്പണം ഉപയോഗിച്ചു ബിസിനസ് ആരംഭിക്കുന്നു.നിരവധി തിരിച്ചടികള്‍ അയാളുടെ ജീവിതത്തിലുണ്ടാകുന്നു.പക്ഷേ ഒരോന്നും അയാള്‍ അതിജീവിക്കുന്നു.വ്യക്തി ജീവിതത്തില്‍ പോലും അയാള്‍ തെറ്റിദ്ധരിക്കപ്പെടുന്നു.അയാളുടെ ഉയര്‍ച്ചക്ക് കാരണക്കാരനായ ബാബയെന്ന മിഥുന്‍ ചക്രവര്‍ത്തിയവതരിപ്പിക്കുന്ന കഥാപാത്രമാണ് ഗുരുവിനെ ഏറ്റവുമധികം തകര്‍ക്കാന്‍ ശ്രമിക്കുന്നത്.എന്നാല്‍ അവര്‍ തമ്മിലുളള അകല്‍ച്ച ആശയ വൈരുദ്ധ്യങ്ങളില്‍ മാത്രമാണ്.വ്യക്തിപരമായി അവര്‍ നിലനിര്‍ത്തുന്ന ബന്ധം മനോഹരമായി ചിത്രത്തില്‍ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.അവസാന ഘട്ടത്തില്‍ എല്ലാം നഷ്ടപ്പെട്ടു പക്ഷാഘാതം പിടിപെടുന്പോള്‍ പോലും ഗുരുവെന്ന കഥാപാത്രം പ്രകടിപ്പിക്കുന്ന അസാമാന്യ ധൈര്യം പ്രേക്ഷകരില്‍ പകരുന്നത് അത്ഭുതകരവും അനുകരണീയവുമായ ഒരനുഭൂതിയാണ്.
ഒരു ഘട്ടത്തില്‍ ആ കഥാ പാത്രം ചോദിക്കുന്നു ''എന്‍റെ ഭാരതം സ്വതന്ത്രമായി.ഇപ്പോള്‍ ഞാന്‍ സ്വതന്ത്രനാണ്.ഇനിയെനിക്ക് സ്വാതന്ത്രത്തിനു വേണ്ടി പോരടിക്കേണ്ട.പക്ഷേ ഇനി ഞാന്‍ കലഹിക്കേണ്ടത് എന്‍റെ രാജ്യത്തെ പ്രശ്നങ്ങളോടാണ്.എന്‍റെ രാജ്യത്തിന്‍റെ പുരോഗതിക്കു വേണ്ടിയാണ്.ഞാന്‍ ഇനിയും കലഹിക്കും എന്‍റെ രാജ്യത്തെ പ്രശ്നങ്ങളോട് ''.
ചിത്രം തികച്ചും മനോഹരമായി തീര്‍ക്കാന്‍ മണിരത്നത്തിനു കഴിഞ്ഞു.വാണിജ്യപരമായ അനുരഞ്ജനങ്ങള്‍ക്ക് വഴങ്ങിക്കൊണ്ടു തന്നെ കലാമൂല്യവും ധര്‍മവും ഉയര്‍ത്തിപ്പിടിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.അഭിഷേക് ബച്ചനും ഐശ്വരാ റായിയും മിഥുന്‍ ചക്രവര്‍ത്തിയും മാധവനും വിദ്യാബാലനും തുടങ്ങി ചെറിയ റോളില്‍ വന്ന പ്രതാപ് പോത്തന്‍ വരെ പ്രശംസനാര്‍ഹമായ രീതിയില്‍ അഭിനയമുഹൂര്‍ത്തങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നു.കഥയും തിരക്കഥയും സംവിധാനവും സൗന്ദര്യമുളളതാക്കാന്‍ മണിരത്നത്തെ സഹായിച്ചത് പ്രശസ്ത ഹിന്ദി സാഹിത്യകാരന്‍ കൂടിയായ ഗുല്‍സാറിന്‍റെ കുറിക്കു കൊളളുന്ന സംഭാഷണമാണ്.ചടുലതയും ഭാവങ്ങളും ഒത്തിണങ്ങിയ ആ സംഭാഷണങ്ങള്‍ പ്രേക്ഷകനെ അനുഭൂതിക്കടലിലാഴ്ത്തുന്നു.മനോഹരമായ ദൃശ്യങ്ങളിലൂടെയുളള ഒരു യാത്രയാണ് ഗുരു പ്രേക്ഷകന് സമ്മാനിക്കുന്നത്.മലയാളിയായ രാജീവ് മേനോനാണ് മണിരത്നത്തിന്‍റെ മനസ് അഭ്രപാളിയില്‍ ആവിഷ്ക്കരിക്കുന്നത്.സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഇന്ത്യന്‍ സംഗീതഞ്ജരില്‍ ശ്രദ്ധേയനായ ഏ.ആര്‍.റഹ്മാനാണ്. അല്‍ക യാഗ്നിക്, ഉദിത് നാരായണ്‍, ഹരിഹരന്‍, ചിത്ര, മധുശ്രീ, ശ്രേയ ഗോഷാല്‍, എ.ആര്‍. റഹ്മാന്‍, ബാപ്പി ലാഹിരി, എന്നിങ്ങനെ ഏഴു പ്രമുഖ ഗായകരാണ് പാട്ടു പാടിയിരിക്കുന്നത്.ഇന്ത്യയിലെ പ്രമുഖ സിനിമാ നിര്‍മാണ കന്പിനിയായ മദ്രാസ് ടാക്കീസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
മനോഹാരിതയെ കുറിച്ച് വാചാലമാകുന്പോഴും ചില പോരായ്മകള്‍ ചൂണ്ടിക്കാണിക്കാതിരിക്കാനാവില്ല.വിദ്യാബാലന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ബാല്യം കാണിക്കുന്പോള്‍ അംഗവൈക്യലമൊന്നുമില്ല.പിന്നീട് വളര്‍ച്ചയെത്തിയ പെണ്‍കുട്ടിയായി വിദ്യാബാലന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍െ കാലുകള്‍ തളര്‍ന്നതാണ്.അതെങ്ങനെ സംഭവിച്ചുവെന്ന് ചിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ സംവിധായകന്‍ സമയം എടുത്തില്ല.അതേ കഥാപാത്രം പിന്നീട് മരണമടയുന്നതും കാണിക്കുന്നു.പക്ഷേ അവിടെയും ദുരൂഹത പ്രേക്ഷകനു നല്‍കിക്കൊണ്ട് മരണകാരണം സംവിധായകന്‍ ബോധപൂര്‍വം ഒഴിവാക്കി.സമയദൈര്‍ഘത്തിന്‍റെ പ്രശ്നം മൂലമാണ് അങ്ങനെ സംഭവിക്കുന്നതെന്ന് മനസിലാകുമെങ്കിലും ഒരു ഗാനമൊഴിവാക്കി അതു പരിഹരിക്കാമായിരുന്നില്ലേ എന്നു പ്രേക്ഷകന്‍ ചിന്തിച്ചു പോകും.
നിരവധി സമയം കൊല്ലി ചിത്രങ്ങളില്‍ നിന്നു തികച്ചും വിഭിന്നമായി നില്‍ക്കുന്ന ഒരു ചിത്രം അതു നല്‍കാന്‍ മണിരത്നത്തിനു കഴിഞ്ഞു.യുക്തിയില്ലാത്ത ചിരിയും നൈമീഷിക ആനന്ദവും മാത്രമല്ല കലയെന്നു പറയാന്‍ മാത്രമല്ല അതു തെളിയിക്കാനും കഴിയുന്നതാണ് മണിരത്നത്തിന്‍റെ സിനിമ ‘ഗുരു’.

5 comments:

നാരദന്‍ said...

നിരവധി സമയം കൊല്ലി ചിത്രങ്ങളില്‍ നിന്നു തികച്ചും വിഭിന്നമായി നില്‍ക്കുന്ന ഒരു ചിത്രം അതു നല്‍കാന്‍ മണിരത്നത്തിനു കഴിഞ്ഞു.യുക്തിയില്ലാത്ത ചിരിയും നൈമീഷിക ആനന്ദവും മാത്രമല്ല കലയെന്നു പറയാന്‍ മാത്രമല്ല അതു തെളിയിക്കാനും കഴിയുന്നതാണ് മണിരത്നത്തിന്‍റെ സിനിമ ‘ഗുരു’.

Haree said...

മണിരത്നത്തിന്റെ ചിത്രങ്ങളില്‍, അദ്ദേഹത്തിന്റെ പ്രതിഭ ഏറ്റവും ശുഷ്കമായിത്തെളിയുന്ന ഒരു ചലച്ചിത്രമാണ് ഗുരു എന്ന് പറയേണ്ടി വരും. നികുതിവെട്ടിച്ചും, നിയമത്തിലെ പഴുതുകള്‍ മുതലാക്കിയും ലാഭം കൂട്ടുന്ന വ്യവസായി പ്രമുഖരെ വെള്ളയടിക്കുവാനുള്ള ബോധപൂര്‍വ്വമായ ശ്രമവും ചിത്രത്തില്‍ കാണാം. ഒരു സാധാരണക്കാരനെങ്ങിനെ ഒരു വന്‍‌വ്യവസായിയായി വളരുന്നു എന്നത് ചിത്രത്തില്‍ ചര്‍ച്ചചെയ്തിട്ടേയില്ല. അതിനുപിന്നിലെ കഠിനാധ്വാനവും, കൈക്കൊണ്ട വഴികളുമൊന്നും ചിത്രത്തിന് വിഷയമല്ല. കോണ്ട്രാക്ടര്‍മാരെ തോല്‍പ്പിച്ച് തന്റെ ബിസിനസ് ജീവിതം തുടങ്ങുന്ന ഗുരു, ഒരു പാട്ടിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായിയാവുന്നു, അതിനു ശേഷം ബാബയുടെ പത്രവുമായുള്ള പ്രശ്നങ്ങള്‍, പക്ഷാഘാതം, അവസാനം കേസില്‍ നിന്നും രക്ഷപെടുവാനായി മുടന്തന്‍ ന്യായങ്ങള്‍ നിരത്തിയുള്ള ഗുരുവിന്റെ വാദം, പിന്നീട് അവസാന ഷോട്ടില്‍ ലോകത്തിലെ തന്നെ ഒന്നാമത്തെ വ്യവസായികളില്‍ ഒന്നായി ഗുരുവിന്റെ വളര്‍ച്ച, ഇത്രയുമാണ് ചിത്രത്തില്‍. ഒരു ഘട്ടത്തില്‍ ഗാന്ധിജിയുടെ പ്രവര്‍ത്തനത്തോടുപോലും ഗുരു തന്റെ പ്രവര്‍ത്തനങ്ങളെ ഉപമിക്കുന്നു!

അഭിഷേക് ബച്ചന്‍ ഒട്ടും ഉള്‍ക്കൊണ്ടല്ല ഗുരുവായി അഭിനയിച്ചിരിക്കുന്നത്. സ്വപ്നം കാണുന്ന യുവാവില്‍ നിന്നും, ഗുരു ഭായ് എന്ന അറിവും ലോകപരിചയവും കൈവരിച്ച വ്യവസായ പ്രമുഖനായി മാറുമ്പോഴും, അഭിനയത്തില്‍ യാതോരു മാറ്റവും സംഭവിക്കുന്നില്ല... വിദ്യ ബാലനും മാധവനുമാവട്ടെ ചിത്രത്തില്‍ പ്രാധാന്യവുമില്ല. മാധവന്‍ പത്രപ്രവര്‍ത്തകനെന്ന നിലയില്‍ നടത്തുന്ന കണ്ടെത്തലുകള്‍ക്ക് അമിതവേഗമായിപ്പോയി. അതിനിടയിലവരുടെ പ്രണയവും തിരുകിക്കയറ്റിയിരിക്കുന്നു. ബാബയായി മിഥുന്‍ ചക്രവര്‍ത്തി നന്നായിരിക്കുന്നു. ഐശ്വര്യ റായിയും തന്റെ കഥാപാത്രം ഭംഗിയാക്കിയിട്ടുണ്ട്. കള്ളന്‍മാരെ വെള്ളപൂശാനും സിനിമയെന്ന മാധ്യമത്തെ ഉപയോഗിക്കാം എന്നും മണിരത്നം ഇതിലൂടെ കാണിച്ചു തരുന്നു.
--
ഉത്തര ഭാരതത്തിലെ ഒരു സാധാരണ ഗ്രാമത്തില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് ജോലി തേടി പോകുന്ന ഗുരു അവിടെ സ്ഥിരം ജോലി ലഭിക്കുന്ന ഗുരു... - ഗുരു ജോലി തേടി പോവുന്നത് തുര്‍ക്കി (Turkey)യിലേക്കാണ്.
വിദ്യാബാലന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ബാല്യം കാണിക്കുന്പോള്‍ അംഗവൈക്യലമൊന്നുമില്ല. - കുട്ടിക്കാലം മുതല്‍ക്കേ വികലാംഗയായാണ് വിദ്യ ബാലന്‍ പ്രത്യക്ഷപ്പെടുന്നത്. വലുതാവുമ്പോള്‍ വീല്‍ ചെയര്‍ ഉപയോഗിക്കുന്നു എന്നുമാത്രം.
അതേ കഥാപാത്രം പിന്നീട് മരണമടയുന്നതും കാണിക്കുന്നു.പക്ഷേ അവിടെയും ദുരൂഹത പ്രേക്ഷകനു നല്‍കിക്കൊണ്ട് മരണകാരണം സംവിധായകന്‍ ബോധപൂര്‍വം ഒഴിവാക്കി. - അത് സംവിധായകന്‍ ഒഴിവാക്കിയതാവില്ല. തിയേറ്ററുകാരുടെ എഡിറ്റിംഗ് ആവണം. വിദ്യ മാധവനോട്, താന്‍ എപ്പോള്‍ വേണമെങ്കിലും മരിച്ചുപോകാവുന്ന ഒരു പെണ്‍കുട്ടിയാണെന്നൊക്കെ പറയുന്ന ഒരു രംഗമുണ്ട്.
മിഥുന്‍ ചക്രവര്‍ത്തിയവതരിപ്പിക്കുന്ന കഥാപാത്രമാണ് ഗുരുവിനെ ഏറ്റവുമധികം തകര്‍ക്കാന്‍ ശ്രമിക്കുന്നത്. - ഗുരുവിനെ തകര്‍ക്കുക ബാബയുടെ ലക്ഷ്യമല്ല. ഗുരുവിന്റെ നിയമത്തെ കൂസാതെ, വഴിവിട്ടുള്ള പോക്ക് അവസാനിപ്പിക്കുക എന്നതാണ് അയാളുടെ ലക്ഷ്യം.
വാണിജ്യപരമായ അനുരഞ്ജനങ്ങള്‍ക്ക് വഴങ്ങിക്കൊണ്ടു തന്നെ കലാമൂല്യവും ധര്‍മവും... - വഴങ്ങിയത് വാണിജ്യസിനിമയുടെ ശൈലികളോടു മാത്രമല്ലെന്നു മാത്രം.
ചടുലതയും ഭാവങ്ങളും ഒത്തിണങ്ങിയ ആ സംഭാഷണങ്ങള്‍ പ്രേക്ഷകനെ അനുഭൂതിക്കടലിലാഴ്ത്തുന്നു. - അത്രയ്ക്കൊക്കെ വേണോ? അവസാന കോടതിരംഗം എത്രയോ മികച്ചതാക്കാമായിരുന്നു!
• ‘ഏക് ലോ, ഏക് മുഫ്ത്’ എന്നുള്ള ഗാനമൊക്കെ അനാവശ്യവും യാതൊരു ഭംഗിയും അവകാശപ്പെടുവാനില്ലാത്തതുമാണ്. ഏ. ആര്‍. റഹ്മാന്റെ മറ്റ് ചിത്രങ്ങളിലെ സംഗീതത്തിന്റെ സ്വാധീ‍നം ഇതില്‍ പ്രകടമായിത്തന്നെ കാണാം.
--

അനൂപ് :: anoop said...

ഹരി, 'ഗുരു' വിലെ നിരീക്ഷണങ്ങളോട് പൂര്‍ണമായി യോജിക്കുന്നു.
ഒരു പക്ഷെ മണിരത്നത്തിന്റെ ഏറ്റവും മോശം ചിത്രങ്ങളിലൊന്നായിരിക്കും ഇത്. എടുത്ത് പറയത്തക്കതായി എനിക്കു തോന്നിയത് സംഭാഷണങ്ങളിലെ ഒതുക്കവും അതിമനോഹരമായ ഛായാഗ്രഹണവും മാത്രമാണ്.
മണിരത്നത്തിന്റെ തമിഴ് ചിത്രങ്ങളാണല്ലോ കൂടുതല്‍ നന്നായി തോന്നാറുള്ളത്.(കന്നത്തില്‍ മുത്തമിട്ടാല്‍ പോലെ ..)

Haree said...

അനൂപിനോട്,
രാജീവ് മേനോന്റെ ഛായാഗ്രഹണത്തെക്കുറിച്ച് നാരദന്‍ പറഞ്ഞിരുന്നുവല്ലോ, അതാണ് പ്രത്യേകിച്ചൊന്നും പറയാതിരുന്നത്. ബര്‍സോരെ, മയ്യ മയ്യ, ട്രയിന്‍ രംഗങ്ങള്‍... എല്ലാം ഒന്നിനൊന്നു മെച്ചം തന്നെ... :)
--

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

മോബ്‌ ചാനല്‍ http://www.mobchannel.com സ്പോണ്‍സര്‍ ചെയ്യുന്ന മികച്ച മലയാളം ബ്ലോഗുകള്‍ക്കുള്ള ഫെബ്രുവരി മാസത്തെ മത്സരത്തിനായി എന്ട്രികള്‍‍ ക്ഷണിച്ചിരിക്കുന്നു. താങ്കളുടെ പോസ്റ്റിന്റെ ലിങ്ക് vidarunnamottukal@gmail.com ലേക്ക് അയക്കുക. എല്ലാ വിഭാഗത്തില്‍ പെട്ട ബ്ലോഗുകളും മത്സരത്തിനായി സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കു www.mobchannel.com സന്ദര്‍ശിക്കുക..... എന്ട്രികള്‍‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം 28.2.2007(നാളെ) ആണ്.