Friday, February 16, 2007

പാലോളിയും കോടതിയും

രാജാവ് നഗ്നനാണ് എന്ന് വിളിച്ചു പറഞ്ഞ കുട്ടിയുടെ കഥയറിയാത്തവരില്ല.വിഢ്ഢി വേഷം കെട്ടിയിറങ്ങിയാല്‍ നൃപനോടും ഒട്ടും കൃപ വേണ്ട എന്നു തന്നെയാണ് കഥയുടെ സാരാംശം.കഥയുടെ അവസാനം സത്യം വിളിച്ചു പറഞ്ഞ കുട്ടിക്ക് എന്തു സംഭവിച്ചു ? അവന്‍ സമ്മാനിതനായി. അപ്രിയമാണെങ്കില്‍ കൂടി സത്യം വിളിച്ചു പറയേണ്ടതുണ്ട് .

ഇവിടെ അഴിമതിയുടെ നഗ്നകുപ്പായം അണിഞ്ഞൊരുങ്ങി നില്ക്കുകയാണ് ഭരണഘടനാ സ്ഥാപനങ്ങള്‍ .വിളിച്ചു പറയേണ്ട ജനം പൊറാട്ടു നാടകത്തിലെ അസംബന്ധങ്ങള്‍ കണ്ടു മതിഭ്രമിച്ചും നില്ക്കുന്നു.മന്ത്രി പാലോളി മുഹമ്മദ് കുട്ടി അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തുന്ന സൈന്യാധിപനൊന്നുമല്ല. ചക്കരക്കുടത്തില്‍ കൈയ്യിട്ടവര്‍ക്കൊപ്പം നില്‍ക്കുമെന്നല്ലാതെ കൈയ്യിട്ടതായി അറിവില്ല. മന്ത്രിക്ക് ചില കാര്യങ്ങള്‍ സത്യമാണെന്ന് തോന്നി അത് ഉറക്കെ വിളിച്ചു പറയണമെന്നും തോന്നി.നിയമനിര്‍മാണ സഭയും എക്സിക്യൂട്ടീവുമായി ബന്ധപ്പെട്ട് അഴിമതിയുണ്ടാകുന്നുവെന്ന കാര്യം പാലൊളി പറയാതെ തന്നെ ജനത്തിനറിയാം.പക്ഷേ കോടതിയെ ജനം അങ്ങനെ അവിശ്വസിക്കുന്നില്ല.ജനാധിപത്യത്തില്‍ ജനത്തിന് കുറച്ചു താല്പ്പര്യം കൂടുതല്‍ നീതി പീഠത്തോട് തന്നെ.അതിനു കാരണം കോടതി അഴിമതിക്ക് അതീതമാണ് എന്ന വിശ്വാസമാണ്.


കാര്യം ഇങ്ങനെയൊക്കയാണെങ്കിലും കോടതി വരാന്തയില്‍ ഒളിച്ചും പാത്തും ഒരു അഴിമതി ഭൂതം നടന്നു പോകുന്നത് കണ്ടതായി ആരെങ്കിലും പറഞ്ഞാല്‍ അതു തെറ്റാകുമോ ? കോടതിയലക്ഷ്യ നിയമത്തിന്റെ അന്തസത്ത അനുശാസിക്കുന്നു.... വിധിയെ ചോദ്യം ചെയ്യാം ...വിമര്ശിക്കാം...തിരുത്തലുകള്ക്കായി ഉന്നത കോടതികളില് പോകാം പക്ഷേ വിധി പറഞ്ഞ ന്യായാധിപനെ അധിക്ഷേപിക്കാവുന്നതല്ല.ന്യായാധിപനെയല്ല വിധിയെയാണ് പഠിക്കേണ്ടതും തലനാരിഴ കീറി വിമര്ശിക്കേണ്ടതും.ഇത് വളരെ നന്നായിട്ട് തന്നെ പാലിക്കപ്പെട്ടു പോന്നു.ഈ പെരുമാറ്റച്ചട്ടത്തില് ജനം ചെറിയൊരു വ്യത്യാസം വരുത്തിയത് അടുത്ത കാലത്താണ്.അതും ഇന്ത്യാ മഹാരാജ്യത്തിന്റെ അത്യുന്നത നീതിപീഠത്തില് ഉപവിഷ്ടനായ ന്യായാധിപന് തന്നെ രാജ്യത്തുളള ന്യായാധിപന്മാരില് ഇരുപത് ശതമാനം അഴിമതിക്കാരാണ് എന്ന് പറഞ്ഞതിനെ തുടര്ന്നാണ്.മറ്റു പലര്ക്കും പറയണമെന്ന് തോന്നിയ ഒരു കാര്യം മുഖ്യന്യായാധിപന് തന്നെ പറഞ്ഞപ്പോള് അത് ആഘോഷിക്കപ്പെട്ടത് സ്വാഭാവികം.അതിന്റെ ചുവട് പിടിച്ച് പലയിടത്തും വിമര്ശനങ്ങള് ന്യായാധിപന്മാര്ക്കെതിരെ വന്നു.

കേരള ഹൈക്കോടതി രാജ്യത്തെ മികച്ച പ്രവര്ത്തനം നടത്തുന്ന കോടതികളിലൊന്നാണ്.പക്ഷേ അടുത്ത കാലത്തായി വന്ന കോടതി വിധികളുടെ വരികള്ക്കിടയിലൂടെ പോകുന്പോള് സാമൂഹ്യപ്രതിബദ്ധത തീരെ നിഴലിക്കുന്നില്ല എന്നതാണ് ഒരു ആക്േഷപം .സൂര്യനെല്ലി തൊട്ട് സ്വാശ്രയ കോളേജ് കേസില് വരെ ഈ ആരോപണം ഉയര്ന്നു.രണ്ടു ഭാഗങ്ങളുടെ രണ്ടു വാദങ്ങള് കേട്ട ശേഷം അതില് തീര്പ്പു കല്പ്പിക്കുകയാണ് കോടതി ചെയ്യുന്നത്.ആരുടെ ഭാഗമാണോ കൂടുതല് നന്നായി അവതരിപ്പിക്കുന്നത് അവര്ക്ക് അനുകൂലമായിരിക്കും വിധി.സര്ക്കാര് വക്കീലുമാര് ഒരു കേസ് ഏറ്റെടുക്കുക എന്നു പറഞ്ഞാല് ആ കേസ് തോറ്റന്പി എന്നു ഉറപ്പിക്കാമെന്ന നിലയിലാണ് കേരളത്തിന്റെ കാര്യങ്ങള് .ഇതിനു ഇടതെന്നും വലതെന്നും ഒരു വ്യത്യാസവുമില്ല. ചുക്കിലും ചുണ്ണാന്പിലും പിടിക്കാതെ സംസാരിക്കുന്ന സര്ക്കാര് വക്കീലുമാര് എതിര്ഭാഗത്തിനു പഴുതു കൊടുത്താലും ഇനി കൊടുത്തില്ലെങ്കിലും കോടതിയുടെ അന്തിമ വിധി തങ്ങള്ക്ക് അനുകൂലമായിട്ടായിരിക്കണമെന്ന് സമൂഹം പ്രതീക്ഷിക്കുന്നതില് എന്താണ് തെറ്റ് ?.

അവിടെയാണ് ന്യായാധിപന്മാര് തങ്ങളുടെ നിയമപരിജ്ഞാനം പ്രയോഗിക്കേണ്ടത്.ഇന്ത്യന്‍ കോടതികള്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയൂന്നേണ്ട സമയമാണിത്. ആഗോളികരണത്തിന്റെ ഭാഗമായി ഇന്ത്യയടക്കമുളള മൂന്നാം ലോക രാജ്യങ്ങള്‍ കടന്നു പോകുന്നത് പുത്തന് സാന്പത്തിക സാമൂഹിക ക്രമങ്ങളിലൂടെയാണ്.വന്കിട കുത്തകകള് വിപണിയും പ്രകൃതിയും കീഴടക്കുന്പോള് സമൂഹത്തിനു നഷ്ടപ്പെട്ടു പോകുന്ന സ്വാതന്ത്രം നേടിയെടുത്ത് കൊടുക്കാന് കോടതികള്‍ ബാധ്യസ്ഥരാണ്.ഈ ഉത്തരവാദിത്തം കോടതികള് നിര്വഹിക്കുന്നുണ്ടോ എന്നകാര്യത്തില് ഇന്ന് സംശയങ്ങള് ഉയര്ന്നു തുടങ്ങിയിട്ടുണ്ട്. കോളകന്പനികള്‍ക്ക് അനുകൂലമായി കേരളഹൈക്കോടതിയില്‍നിന്ന് ഉണ്ടായ വിധികള്‍ ഒാര്‍ക്കുക. സമരം ചെയ്യാന്‍ അവകാശമില്ലെന്ന സുപ്രീംകോടതി വിധിയും ഒാര്‍ക്കുക.

പ്രതിബദ്ധത വിധികളില് നിഴലിക്കാതെ വരുന്പോള് അതിനെതിരെ മുറുമുറുപ്പുണ്ടാകും .വിധി പറഞ്ഞയാളെ തന്നെ സംശയിച്ചെന്നും വരും . സീസറുടെ ഭാര്യ സംശയങ്ങള്ക്കതീതയായിരിക്കണമെന്നത് ലോകമെന്പാടും അംഗീകരിച്ച കാര്യമാണ്.നിഷ്പക്ഷമായി വിധി പറയേണ്ട ന്യായാധിപന്മാര് തങ്ങള് മറ്റു പ്രലോഭനങ്ങളില് നിന്നും അഴിമതികളില് നിന്നും വിമുക്തരാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.പണം കൊടുത്ത് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സുപ്രീം കോടതി മുഖ്യന്യായാധിപനുമെതിരെ വാറണ്ടുകള് നേടിയെടുത്തതായി ഒരു പ്രമുഖചാനല് ഉയര്ത്തിയ അവകാശവാദം ഇപ്പോഴും നിലനില്ക്കുകയാണ്.

ഇതിനൊക്കെയര്ത്ഥം എന്തൊക്കയോ എവിടെയെക്കയോ ചീഞ്ഞു നാറുന്നുണ്ട് എന്നു തന്നെയാണ്.അങ്ങനെ ജനം സംശയിച്ചാല് എന്തു ചെയ്യണം.അങ്ങനെ സംശയിക്കരുതെന്ന് പറഞ്ഞ് വിലക്കണോ ? അല്ലെങ്കില്‍ സംശയം തുറന്നു പറഞ്ഞു സംശയനിവൃത്തി വരുത്തണോ ? കൂടുതല് അഭികാമ്യം രണ്ടാമത്തേതാണ്.അങ്ങനെ തുറന്നു പറയുന്നവരെ കോടതിയലക്ഷ്യത്തിന്‍റെ പേരില്‍ കൂച്ചുവിലങ്ങിടണോ? ഇത്തരം കൂച്ചുവിലങ്ങുകള്‍ സ്വതന്ത്ര ഇന്ത്യയ്ക്ക് ആവശ്യമോ? ബ്രിട്ടീഷുകാര്‍ ചമച്ച നിയമം ഇന്നും നിലനില്‍ക്കേണ്ടതുണ്ടോ?

രാജാവ് നഗ്നനെങ്കില്‍ അതു വിളിച്ചുപറയുന്നയാളുടെ കണ്ണു കുത്തിപ്പൊട്ടിക്കുന്നതോ ജനാധിപത്യം?

2 comments:

നാരദന്‍ said...

കാര്യം ഇങ്ങനെയൊക്കയാണെങ്കിലും കോടതി വരാന്തയില്‍ ഒളിച്ചും പാത്തും ഒരു അഴിമതി ഭൂതം നടന്നു പോകുന്നത് കണ്ടതായി ആരെങ്കിലും പറഞ്ഞാല്‍ അതു തെറ്റാകുമോ ?

വിനയന്‍ said...

ശ്രീ നാരദന്‍
താങ്കള്‍ പറഞ്ഞത് ശരിയാണ്.എല്ലാം അഴിമതികളില്‍ മുങ്ങിയപ്പോള്‍ കോടതിയും അതില്‍നിന്നും മുക്തമായില്ല,കൊഴ കേസുകളില്‍ കുടുങ്ങുന്ന ന്യയാധിപന്‍ മാരുമായി ബന്ധപെട്ട സംഭവങ്ങള്‍ അതാണ് കാണിക്കുന്നത്.പിന്നെ വിധികളില്‍ വരുന്ന പക്ഷം ചേരലുകള്‍.എങ്ങനെ സംശയിക്കാതിരിക്കും.