Friday, February 23, 2007

നമ്മളെന്ന് നന്നാകും ?

ആദ്യം ഒരു കഥ , ലൊക്കേഷന്‍ സ്വര്‍ഗം .മിനു മിനു തിളങ്ങണ വെളളത്താടിയുമൊക്കെ തടവിയിരിക്കുന്ന ദൈവം .മേഘക്കൂട്ടങ്ങള്‍ക്കിടയിലിരുന്ന് കാഹളമൂതുന്ന മാലാഖമാര്‍ .കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ദൈവത്തിനു വിശന്നു.ദൈവം ഒരു മാലാഖയെ വിളിച്ചു.
‘‘ഇന്ന് എന്‍റെയൊപ്പം ഭക്ഷണം പങ്കിടുന്നവരാരൊക്കയാണ് ’’ ?
‘‘ഭൂമിയില്‍ രാജ്യത്തലവന്‍മാരായിരുന്ന മൂന്ന് ആത്മാക്കളെയാണ് ഇന്ന് അത്താഴത്തിനു ക്ഷണിച്ചിരുക്കുന്നത്’’
‘‘എന്തിനാണ് അങ്ങനെ തരം തിരിവു സ്വര്‍ഗത്തില്‍ കാണിക്കുന്നത്’’? നീരസം മുഴങ്ങുന്ന ദൈവത്തിന്‍റെ ചോദ്യം.
‘‘ ഭൂമിയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന നമ്മുടെ പുതിയ പദ്ധതികളുടെ വിജയസാദ്ധ്യതകളെ ക്കുറിച്ച് സംസാരിക്കാന്‍ സര്‍വ്വഥാ യോഗ്യരാണവര്‍ ’’
മാലാഖ പറഞ്ഞു.
ദൈവത്തിന്‍റെ പുരികം വളഞ്ഞു.
‘‘ശരി.അവരെ വിളിക്കു’’
അമേരിക്കയെ പ്രതിനിധീകരിച്ച് റൊണാള്‍ഡ് റീഗനും,റഷ്യയെ പ്രതിനിധീകരിച്ച് ലെനിനും, ഇന്ത്യയെ പ്രതിനിധീകരിച്ച് രാജീവ് ഗാന്ധിയും
അത്താഴത്തിനെത്തി.
പലതും സംസാരിച്ചു. തമാശകള്‍ പറഞ്ഞു. ഭൂമിയിലെ മനുഷ്യരെക്കുറിച്ച് ദൈവവും കൂട്ടുകാരും കൂടി പരദൂഷണം പറഞ്ഞു ചിരിച്ചു.
പെട്ടെന്ന് റീഗനൊരു സംശയം മുളച്ചു.
‘‘ദെവമേ അങ്ങ് ആദിയും അന്ത്യവും ഇല്ലാത്തവനും സര്‍വ്വതും മുന്‍ കൂട്ടി അറിയുന്നവനുമാണല്ലോ...അമേരിക്ക എന്നു നന്നാകും’’?
ദൈവത്തിന്‍റെ മുഖത്തെ ചുളിവുകളില്‍ കണക്കു കൂട്ടലുകളുടെ ഗണിത ചിഹ്നങ്ങള്‍ പ്രത്യക്ഷപ്പെട്ടു.അല്പനേരത്തെ ആലോചനക്ക് ശേഷം ദൈവം പറഞ്ഞു. ‘‘ഒരു പത്തിരുന്നൂറ് കോടി വര്‍ഷം പിടിക്കും’’
റീഗന്‍ ഒരു നിശ്വാസമുതിര്‍ത്തു.
‘‘അങ്ങനെയാണെങ്കില്‍ റഷ്യയുടെ കാര്യമോ’’ ലെനിന് ആകാംഷ അടക്കാനായില്ല.
ദൈവം വീണ്ടും ആലോചനയിലേക്ക്.
‘‘അമേരിക്കയെക്കാള്‍ വൈകും.എങ്കിലും ഒരു അഞ്ഞുറ് കോടി വര്‍ഷം വരെ കാത്തിരിക്കേണ്ടി വരും’’
ലെനിന്‍റെ മുഖത്ത് ചെറിയ നിരാശ വിരിഞ്ഞു.
‘‘ഇന്ത്യയോ ദൈവമേ... ?’’ രാജീവ് ഗാന്ധി പ്രതീക്ഷയോടെ ദൈവത്തെ നോക്കി.
ദൈവം വീണ്ടും കണക്കു കൂട്ടാനാരംഭിച്ചു.കൈവിരലുകള്‍ മടക്കിയും വെളളത്താടി രോമങ്ങള്‍ വലിച്ചും ദൈവം ഗാഢമായി ആലോചിച്ചു കൊണ്ടിരുന്നു.ഏറെ നാള്‍ കഴിഞ്ഞിട്ടും ദൈവം മിണ്ടിയില്ല. രാജീവ് പതുക്കെ മുരടനക്കി.
ഇനിയും വൈകുന്നത് മരാദ്യകേടാണെന്ന് മനസിലായ ദൈവം കൈ വിരലുകള്‍ കൊണ്ട് പതുക്കെ കണ്ണു തുടച്ചു പറഞ്ഞു.
‘‘ അതു കാണാന്‍ ഞാനുണ്ടാകുമെന്ന് തോന്നുന്നില്ല.’’
കഥയില്‍ കാര്യമില്ല. നാടു നന്നാകില്ല എന്നു നിര്‍ബന്ധം ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അതു നമുക്കാണ്.സത്യം പറയട്ടെ നിങ്ങള്‍ക്കു മാത്രമല്ല അതെനിക്കുമുണ്ട്.നാരദന്‍ പറയുന്നത് കൊണ്ട് പരദൂഷണമാണെന്ന് കരുതരുത്.
കഴിഞ്ഞയാഴ്ച കേരളത്തിലെ സകല പഞ്ചായത്തിലെ പ്രസിഡന്‍റുമാരെയും സൈക്രട്ടറിമാരെയും ജനാധിപത്യം പഠിപ്പിക്കാന്‍ നമ്മുടെ സര്‍ക്കാര്‍
മൂന്നാറിലേക്ക് പറഞ്ഞു വിട്ടു.അവിടെ കണ്ണന്‍ ദേവന്‍ ഹില്‍സ് സ്േപാര്‍ട്സ് ഗ്രൗണ്ടിലായിരുന്നു മഹാ സമ്മേളനം.ഖുശി സംഭവം.ചില്ലറ പണമല്ലല്ലോ മുടക്കിയിരിക്കുന്നത്.പിച്ച തെണ്ടിക്കിട്ടുന്നതില്‍ നിന്നു വരെ പിടിച്ച നികുതിപ്പണത്തില്‍ നിന്നു 52 പഞ്ചായത്തുകള്‍ മൂവായിരം രൂപ വീതം മറ്റു പഞ്ചായത്തുകള്‍ 1500 വീതം മുടക്കിയാണ് സുഖവാസകേന്ദ്രത്തിലെ ജനാധിപത്യ വികസന പഠനം ഒരുക്കിയത്.രാവിെല പ്രതിനിധികളെത്തി. കണ്ണന്‍ ദേവന്‍ മലകളിലൂടെ അരിച്ചിറങ്ങുന്ന സൂര്യകിരണങ്ങള്‍ കണ്ടപ്പോള്‍ തന്നെ അവരുടെ മനസു മന്ത്രിച്ചു എത്ര സുന്ദരമാണീ ജനാധിപത്യം.കൂട്ടത്തില്‍ ഇത്തിരി ബോറ് തദ്ദേശ വകുപ്പ് മന്ത്രി പാലോളിയുടെ ഉദ്ഘാടന പ്രസംഗമായിരുന്നു.മന്ത്രിയായാല്‍ പിന്നെ ഇതു പോലെയൊക്ക പറയണം എന്നു നിര്‍ബന്ധമുളളതു കൊണ്ട് വികസനം വേണം അതിനു നിങ്ങള്‍ നന്നായി കാര്യങ്ങള്‍ പഠിക്കണം എന്നൊക്കെ പറഞ്ഞ് പുളളിക്കാരന്‍ സ്ഥലം വിട്ടു.മന്ത്രി പോയാ പിന്നെ പ്രജകള്‍ക്കെന്തു കാര്യം .ആനയിറങ്ങിയത് പോലെ പ്രതിനിധികള്‍ മൂന്നാറിന്‍റെ മനോഹാരിതയിലേക്ക് മേയാനിറങ്ങി.സംഭവം കുഴപ്പമില്ല.ചര്‍ച്ച ഇരുന്നു കൊണ്ടു തന്നെ വേണമെന്നൊന്നുമില്ല.കാനനഛായയിലാറാടിക്കൊണ്ടും ആവാം .വികസനത്തെക്കുറിച്ച് ചടഞ്ഞിരുന്ന സംസാരിക്കാനാണെങ്കില്‍ എന്തിനു മൂന്നാറ് വരെ വന്നു ?
പ്രതിനിധികള്‍ ചര്‍ച്ച ചെയ്തു കാടു കയറി. പക്ഷേ ഇതറിയാതെ പാവം വനമന്ത്രി വൈകുന്നേരം സമ്മേളന നഗരിയിലെത്തി.പ്രസംഗിക്കാനാണ്.ഒരാള് വേണ്ടേ കേള്‍ക്കാന്‍ .മുഴുവന്‍ ഒഴിഞ്ഞ കസേരകള്‍.സംഘാടകരെങ്കിലും ഇറങ്ങിയിരുന്ന് കേട്ടാല്‍ തരക്കേടില്ല എന്ന രീതിയിലായി.പക്ഷേ ഈ പാടു മുഴുവന്‍ പെട്ടത് മന്ത്രിമാരുടെയൊപ്പം ബിരിയാണിചെന്പിന്‍റെ വലുപ്പത്തിലുളള ബാഡ്ജും കുത്തി സ്റ്റേജിലിരിക്കാനാണ്.എന്നാലേ ടെലിവിഷന്‍ കാമറകള്‍ക്കുളളിലേക്ക് നുഴഞ്ഞു കയറാനാവു.വനം മന്ത്രിക്കു നേരെ വനത്തിലേക്ക് ചെന്നാല്‍ മതിയായിരുന്നു.പ്രതിനിധികള്‍ക്കൊപ്പം നടക്കുകയും ചെയ്യാം വേണമെങ്കില്‍ വികസനത്തെക്കുറിച്ച് ഉച്ച ഭക്ഷൡണം കഴിഞ്ഞ് വിശ്രമിക്കുന്ന നേരത്ത് നല്ലയുറക്കം കിട്ടാന്‍ ഒരു ക്ലാസ് എടുക്കുകയും ചെയ്യാമായിരുന്നു.
വനം മന്ത്രിയായാല്‍ പോരാ...വനത്തിന്‍റെ സാദ്ധ്യതകള്‍ കൂടി അറിയണം.
അനന്തരം,സൂര്യന്‍ തളര്‍ന്നു സന്ധ്യയായി.ലക്ഷങ്ങള്‍ പൊടിച്ചുളള സര്‍ക്കാര്‍ ചെലവില്‍ പ്രതിനിധികള്‍ ‘സു’ ക്ഷമിക്കണം ‘സ്വ ’ വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു തളര്‍ന്നു വീടുകളിലേക്ക് തിരിച്ചു പോയി.
സര്‍ക്കാരിനു കിട്ടിയ ഗുണപാഠം ഃ ഇങ്ങനെയിരിക്കും കാടിനു നടുവില്‍ വികസന ചര്‍ച്ച നടത്തിയാല്‍ ...
കാട്ടിലെ തടി തേവരുടെ ആന വലിയടാ വലി...

1 comment:

നാരദന്‍ said...

മന്ത്രി പോയാ പിന്നെ പ്രജകള്‍ക്കെന്തു കാര്യം .ആനയിറങ്ങിയത് പോലെ പ്രതിനിധികള്‍ മൂന്നാറിന്‍റെ മനോഹാരിതയിലേക്ക് മേയാനിറങ്ങി.സംഭവം കുഴപ്പമില്ല.ചര്‍ച്ച ഇരുന്നു കൊണ്ടു തന്നെ വേണമെന്നൊന്നുമില്ല.കാനനഛായയിലാറാടിക്കൊണ്ടും ആവാം .വികസനത്തെക്കുറിച്ച് ചടഞ്ഞിരുന്ന സംസാരിക്കാനാണെങ്കില്‍ എന്തിനു മൂന്നാറ് വരെ വന്നു ?