Monday, February 19, 2007

ആനയുടെ അവകാശികള്‍ ?

അനി ജോസഫ്

ആരാണീ ഭൂമിയുടെ അവകാശികള്‍ ? ഒരു ബഷീര്‍ക്കഥയിലെ ചോദ്യമാണിത്. മനുഷ്യന്‍ മാത്രമല്ല ഭൂലോകത്തുളള സര്‍വ്വജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണ് ഈ ഭൂമിമണ്ണെന്ന് ബഷീര്‍ വ്യക്തമാക്കുന്നു .ഇവിടത്തെ ചോദ്യം ആനയുടെ അവകാശികള്‍ ആരാണ് എന്നതാണ് .അതു മനുഷ്യനാണോ?
ഒരു മനുഷ്യന്‍ ജനിച്ചു വീഴുന്പോള്‍ തന്നെ അവന്‍ കുറച്ച് അവകാശങ്ങള്‍ക്ക് അര്‍ഹനാകുന്നതായി സമൂഹം കണക്കാക്കുന്നു. പ്രകൃതിദത്തമായ അവകാശങ്ങള്‍ അല്ലെങ്കില്‍ നാച്ചുറല്‍ റൈറ്റ്സ് എന്നറിയപ്പെടുന്ന ഇത്തരം അവകാശങ്ങളെ നിഷേധിക്കാന്‍ ആര്‍ക്കും കഴിയില്ല . മൃഗങ്ങള്‍ക്കും ഇത്തരം ജന്മാവകാശങ്ങളുണ്ട്. ഇരയാക്കുന്നതിനല്ലാതെ മൃഗഹിംസ പാടില്ല എന്നാണ് പ്രകൃതി നിയമം. നമുക്ക് ആനന്ദം പകരാന്‍ മൃഗങ്ങളെ പീഡിപ്പിക്കുന്നത് ശരിയാണോ ?

വിശേഷബുദ്ധിയില്ലാത്ത ഒരു മൃഗത്തെ കെണി വെച്ചു പിടിക്കുന്നു കടുത്ത ദണ്ഡനമുറകളിലൂടെ അതിനൊരിക്കലും മനസിലാകാത്ത ചില ചിട്ടവട്ടങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു. പിന്നീട് ശബ്ദഗാംഭീര്യം നിറഞ്ഞ ഒരു പേരുമിട്ട് പുറത്തേക്കിറക്കുകയാണ് മനുഷ്യന്‍ .അതിനു പിന്നിലെ ചേതോവികാരം എന്താണ് ? ലോകത്തെ ഏറ്റവും വലിയ മൃഗത്തെ മെരുക്കിയെന്ന അഹങ്കാരമോ .... ആത്മസംതൃപ്തിയോ? മനുഷ്യനെ പോലെ ആനയും പ്രകൃതിയുടെ ഭാഗമാണ് .അടിമത്തം മനുഷ്യനു മാത്രമല്ല മൃഗങ്ങള്‍ക്കും മൃതിയെക്കാള്‍ ഭയാനകമാണ്. ആത്മഹത്യ അവര്‍ക്കറിയാത്തത് കൊണ്ട് ഇതെല്ലാം സഹിച്ചു ജീവിക്കുന്നു.
മനുഷ്യന് എന്തും ചെയ്യാം .അവന് ആനയെ കെണി വച്ചു പിടിക്കാം അനുസരിപ്പിക്കാം മദമിളകുന്പോള്‍ മയക്കു വെടി വക്കാം മെരുങ്ങിയില്ലെങ്കില്‍ തല്ലിക്കൊല്ലാം.പക്ഷേ ആന ഒന്നു പ്രതികരിച്ചാല്‍ ഉടന്‍ പ്രശ്നമായി. ഇതിനു കാരണക്കാര്‍ നാം തന്നെയല്ലേ .കാട്ടില്‍ വളരേണ്ട ആനയെ എടുത്ത് നാട്ടില്‍ വളര്‍ത്താന്‍ ആന നമുക്ക് ഒസ്യത്ത് കിട്ടിയ മൃഗമൊന്നുമല്ലല്ലോ !

കേരളത്തില്‍ ആനപ്രേമികളുടെ ബഹളമാണ്. ഇപ്പോള്‍ വഴിവക്കിലൊക്കെ സിനിമാതാരങ്ങളുടെ പോസ്റ്ററുകള്‍ കാണുന്നത് പോലെ ആനകളുടെ ചിത്രമുളള ബഹുവര്‍ണകളര്‍ ഫ്ളക്സുകളാണ്. ഒരു കാലത്ത് ആനയോട് മലയാളിക്ക് ഒരു കൗതുകം ഉണ്ടായിരുന്നു.ആ കൗതുകം അതിേനാടുളള അഗാധമായ സ്നേഹത്തിലാണ് അവസാനിച്ചത്.പലരും ആനയെ ഊട്ടി വളര്‍ത്തി. വേറെ ചിലര്‍ ആനയെ അവരുടെ സന്പന്നതയുടെ അളവുകോലായി ഗണിച്ചു .അമിത കൗതുകം ആരാധനയായവര്‍ പാപ്പാന്‍മാരായി. അവരില്‍ പലരും അക്കാഡമിക്ക് തലത്തില്‍ തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും മികച്ച മൃഗനിരീക്ഷകരായിരുന്നു. ആനയുടെ ജീവിതചര്യകളെ കുറിച്ച് അതിന്‍റെ ജീവിത ചക്രത്തെകുറിച്ച് അനുഭവങ്ങളിലൂടെ മനസിലാക്കിയവര്‍. പിന്നീട് പലതും കൈമോശം വന്ന പോലെ മലയാളിക്ക് ഈ ആനക്കന്പവും നഷ്ടമായി. ഇതിപ്പോള്‍ വെറും തൊഴിലായിരിക്കുന്നു. ഒാരോ സ്ഥലത്തും ആനകളെ എത്തിച്ചുകൊടുക്കാന്‍ കരാറുകാരുമുണ്ട്. അവര്‍ക്കും ആനയുടെ ക്ഷേമത്തില്‍ താല്‍പ്പര്യമുണ്ടാവില്ല. ശാസ്ത്രീയ പരിശീലനം കിട്ടാത്തവരാണു പാപ്പാന്മാരില്‍ ഏറെയും. പീഡിപ്പിച്ചും വേദനിപ്പിച്ചും കീഴടക്കുക എന്ന പാപ്പാന്‍റെ സമീപനത്തോട് ആന പ്രതികരിക്കുന്നതു സ്വാഭാവികം.

.ഇപ്പോള്‍ ആനവളര്‍ത്തല്‍ ബിസിനസാണ്. ബിസിനസില്‍ സ്നേഹമല്ല ലാഭമാണ് പ്രധാനം.
ആന വളര്‍ത്തലില്‍ നിന്നു എന്തു കിട്ടുമെന്നു മാത്രമാണ് ഇന്നു ചിന്തിക്കുന്നത്. അതിനു വേണ്ടി എന്തും ചെയ്യും ഹൈക്കോടതി ഉത്തരവുപ്രകാരം ആനകളെ പൊതുപരിപാടികള്‍ക്ക് ഉപയോഗിക്കുന്നതിനും പൊതുസ്ഥലങ്ങളിലൂടെ കൊണ്ടുപോകുന്നതിനും വെറ്ററിനറി സര്‍ജന്‍റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. പൊരിവെയിലത്തു രണ്ടു കിലോമീറ്ററിലേറെ ആനയെ നടത്തിക്കൊണ്ടു പോകരുതെന്നാണു നിബന്ധന. രാത്രികാലങ്ങളില്‍ റിഫ്ളക്ടറുകള്‍ ഘടിപ്പിച്ചുവേണം ആനയെ കൊണ്ടുപോകാന്‍. ഇതു പാലിക്കാത്തതുമൂലം വാഹനമിടിച്ച് ആനകള്‍ ചരിയുന്നു.

കാട്ടരുവികളില്‍ കുളിച്ചും മണ്ണില്‍ കളിച്ചും സുഖകരമായ കാലാവസ്ഥയില്‍ ജീവിക്കുന്ന ആനയെ ടാറിട്ട റോഡില്‍ പകല്‍ നടത്തുന്നതും ആള്‍ക്കൂട്ടത്തിനു മുന്നില്‍ കൂച്ചുവിലങ്ങിട്ടു നിര്‍ത്തുന്നതും അതിക്രൂരമാണ്. ഭക്തിയുടെ പേരില്‍ അന്പലങ്ങളില്‍ എഴുന്നള്ളിക്കുന്പോള്‍ ആനയ്ക്ക് എന്ത് അനുഗ്രഹമാണ് ലഭിക്കുക? ആനയെക്കൊണ്ടു തടിപിടിപ്പിക്കുന്നതു കണ്ടിട്ടുള്ളവര്‍ക്ക് അതനുഭവിക്കുന്ന വേദന മനസ്സിലാകും. ഇതിനിടയില്‍ തീറ്റയും കുടിയും കുളിയും ഉറക്കവും ശരിക്കും നടക്കുകയില്ല. അതിനു പുറമേയാണു പാപ്പാന്മാരുടെ ഉപദ്രവം. എന്തൊക്കെ അനുഭവിക്കണം ഈ സഹ്യന്‍റെ മകന്‍. ഇത്തരം പീഡനങ്ങളുടെ ഉച്ചസ്ഥായിയിലാണ് ആന ഇടയുന്നത്.

രണ്ടായിരത്തിയാറില്‍ മാത്രം ആനയിടഞ്ഞ് കേരളത്തില്‍ എത്ര സ്ഥലത്ത് പ്രശ്നങ്ങളുണ്ടായി ?
ആന ഇണങ്ങുന്ന മൃഗമല്ല.അതിനെ ബലം പിടിച്ച് മെരുക്കുകയാണ്.അവസരം കിട്ടുന്പോള്‍ ആന ഈ അടിമത്തത്തില്‍ നിന്നു രക്ഷ നേടാന്‍ ശ്രമിക്കുന്നു.രണ്ടായിരത്തിയാറില്‍ ആന കൊന്ന പാപ്പാന്‍മാരുടെ ഒരു കണക്കും മരിച്ച ആനകളുടെ കണക്കും 2007 ഫെബ്രുവരി പതിനേഴാം തീയ്യതിയിലുളള ഹിന്ദുവില്‍ കൊടുത്തിരുന്നു.അത് ഇപ്രകാരമാണ്.

ചരിഞ്ഞ ആനകള്‍

തിരുവനന്തപുരം 8
കൊല്ലം 11
ആലപ്പുഴ 8
പത്തനം തിട്ട 9
കോട്ടയം 38
ഇടുക്കി 7
എറണാകുളം 3
തൃശുര്‍ 16
പാലക്കാട് 12
മലപ്പുറം 7
കോഴിക്കോട് 4
വയനാട് 4
കണ്ണുര്‍ 4
കാസര്‍കോട് 4

ആകെ 145

കൊല്ലപ്പെട്ട പാപ്പാന്‍മാരുടെ എണ്ണം.

തിരുവനന്തപുരം 2
കൊല്ലം 4
ആലപ്പുഴ 4
പത്തനം തിട്ട 3
കോട്ടയം 5
ഇടുക്കി 3
എറണാകുളം 6
തൃശുര്‍ 6
പാലക്കാട് 1
മലപ്പുറം 2
കോഴിക്കോട് 2
വയനാട് 1
കണ്ണുര്‍ 1
കാസര്‍കോട് 4

ആകെ 46

മരിച്ച പാപ്പാന്‍മാരുടെ രണ്ടിരട്ടിയാണ് ചരിഞ്ഞ ആനകളുടെ എണ്ണം.ഇതില്‍ വെടിവച്ചു കൊന്ന ആനകളുടെ എണ്ണവും സ്വാഭാവിക അന്ത്യം നടന്ന ആനകളേയും പരിഗണിക്കപ്പെട്ടിണ്ടുണ്ടായിരിക്കാം.കാടിറിങ്ങി വന്നു പോയാല്‍ ഉടന്‍ വെടിവയ്ക്കാന്‍ തീരുമാനമാകും .സ്വന്തം ആവാസ വ്യവസ്ഥ വിട്ടു പുറത്ത് പോകാന്‍ ഇഷ്ടപ്പെടാത്ത ആന എന്തു കൊണ്ടാണ് കാടിറങ്ങുന്നത് എന്നു പഠിക്കാന്‍ ആരെങ്കിലും ശ്രമിച്ചതായി അറിവില്ല. കാട്ടിലാനകള്‍ പട്ടിണികൊണ്ടും നാട്ടിലാനകള്‍ പീഡനം കൊണ്ടും മരിക്കുന്നുെവന്നതാണ് യാഥാര്‍ഥ്യം. കാടുകള്‍ വെട്ടിത്തെളിച്ച് യൂക്കാലിപ്സ് നട്ടുവളര്‍ത്തി വനവല്‍ക്കരണമെന്നു പേരിട്ടു വിളിച്ചാല്‍ കാട് തിരിച്ചു വരില്ല. കാടുവെട്ടി കൃഷി ചെയ്യുന്പോള്‍ ആനയ്ക്കു നഷ്ടമാകുന്നത് അതിന്‍റെ ആവാസമേഖലയാണ്. കാടുകള്‍ ഇല്ലാതാകുന്പോഴാണ് ആനകള്‍ ഭക്ഷണത്തിനും മറ്റുമായി നാട്ടിലേക്കിറങ്ങുന്നത്.

നാട്ടാനകളുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ കേരള കാപ്റ്റീവ് എലഫന്‍റസ് (മാനേജ്മെന്‍റ് ആന്‍ഡ് മെയിന്‍റനന്‍സ്) റൂള്‍സ് 2003 എന്ന പേരില്‍ റൂളുകള്‍ നിര്‍മിച്ചട്ടുണ്ട്.അതു പ്രകാരം ആനയുടമകളും പാപ്പാന്‍മാരും ആനക്ക് നല്‍കുന്ന ഭക്ഷണം,മരുന്ന്, പരിചരണം, ജോലി,നടത്തുന്ന യാത്രകള്‍ എന്നിവയെക്കുറിച്ച് വ്യക്തമായ രേഖകള്‍ സൂക്ഷിക്കേണ്ടതാണ്.ഒരു സ്ഥലത്ത് നിന്നു മറ്റൊരു സ്ഥലത്തേക്ക് ആനയെ കൊണ്ടു പോകുന്പോള്‍ പഞ്ചായത്തില്‍ നിന്നും ടൗണ്‍ വെറ്റിറിനറി ഒാഫീസിറില്‍ നിന്നും പ്രതിദിന ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റും സൂക്ഷിക്കേണ്ടത് അത്യാവശ്യമുളള കാര്യമാണ്. സംസ്ഥാനത്തിനകത്ത് ആനയെ പല സ്ഥലങ്ങളിലേക്ക് കൊണ്ടു പോകുന്നതിന് ചീഫ് വൈല്‍‍ഡ് ലൈഫ് വാര്‍ഡന്‍റെ സര്‍ട്ടിഫിക്കറ്റും വേണം. ഇൗ റൂളുകള്‍ ഇവിടെ എത്ര ആനയുടമകള്‍ പാലിക്കുന്നുണ്ട് ?

ഒട്ടേറെ ആനപ്രേമികളുടെയും ആനകളുടെയും നാടാണ് കേരളം.പ്രേമം പീഡനമാകാതിരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ ശക്തമായ നിയമം പാസാക്കണം.അത് കര്‍ശനമായി നടപ്പിലാക്കുകയും വേണം. ആനകളെ പുതിയതായി പിടികൂടുന്നത് കര്‍ശനമായി നിരോധിക്കണം. കാട്ടിലെ ആനകളെയും സംരക്ഷിക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കണം. അതോടൊപ്പം നാട്ടാനകളുടെ പരിപാലനം സംബന്ധിച്ച് ഒട്ടേറെ നിര്‍ദേശങ്ങള്‍ വിദഗ്ധസമിതികള്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്. അതില്‍ നിയമമാക്കാവുന്ന പല നിര്‍ദേശങ്ങളുമുണ്ട്. നിയമമാക്കാന്‍ ബുദ്ധിമുട്ടുള്ളതു മാര്‍ഗരേഖയായി അവതരിപ്പിച്ച് അതു പാലിക്കാന്‍ ഉടമകളോടും പാപ്പാന്മാരോടും ആവശ്യപ്പെടണം. ആനയോടു കാരുണ്യം കാണിക്കാന്‍ നാം തയാറായില്ലെങ്കില്‍ ഇനിയും ജീവഹാനിയും നാശനഷ്ടങ്ങളുമുണ്ടാകാം. സംസ്ഥാന സര്‍ക്കാരിന്‍റെ ജന്തുസംരക്ഷണ വകുപ്പും ആന സംരക്ഷണസമിതിയും ആന ഉടമാസംഘവും പാപ്പാന്മാരുടെ സംഘടനയുമെല്ലാം ഒന്നിച്ചുചേര്‍ന്നു തീരുമാനങ്ങളെടുത്ത് നടപ്പാക്കാന്‍ ഇനിെയാട്ടും വൈകരുത്.

ചരിയുന്ന ആനകളുടെ കണക്ക് ഈ രീതിയില്‍ ഉയരുകയാണെങ്കില്‍ ലോകത്ത് ജീവിച്ചിരുന്ന ഏറ്റവും വലിയ മൃഗത്തെ കാണാന്‍ നമുക്ക് മ്യൂസിയത്തില്‍ പോകേണ്ടി വരും.

3 comments:

നാരദന്‍ said...

കാട്ടരുവികളില്‍ കുളിച്ചും മണ്ണില്‍ കളിച്ചും സുഖകരമായ കാലാവസ്ഥയില്‍ ജീവിക്കുന്ന ആനയെ ടാറിട്ട റോഡില്‍ പകല്‍ നടത്തുന്നതും ആള്‍ക്കൂട്ടത്തിനു മുന്നില്‍ കൂച്ചുവിലങ്ങിട്ടു നിര്‍ത്തുന്നതും അതിക്രൂരമാണ്. ഭക്തിയുടെ പേരില്‍ അന്പലങ്ങളില്‍ എഴുന്നള്ളിക്കുന്പോള്‍ ആനയ്ക്ക് എന്ത് അനുഗ്രഹമാണ് ലഭിക്കുക?

-സു‍-|Sunil said...

നാരദന്‍? കൌണ്ടര്‍കറന്റ്സ്? രണ്ടിലും ഒരേ പോസ്റ്റ്. ആനകളെപ്പറ്റിപറയുമ്പോള്‍ ആനയും കേരളീയ സമൂഹവും എന്നൊരു കുറിപ്പ്‌ ആവശ്യമാണ്. ആന സംസ്കാരത്തിന്റെ ഭാഗമായതെങനെ? യുദ്ധത്തിന് പണ്ട്‌ ഉപയോഗിച്ച് തുടങിയമുതലായിരിക്കാം. പക്ഷെ അത്‌ കേരളത്തില്‍മാത്രമായിരുന്നില്ലല്ലൊ.

ഇക്കാസ് ::ikkaas said...

തടിപിടിക്കല്‍ പോലുള്ള പണികള്‍ ഇപ്പൊ ആനകളാണോ യന്ത്രങ്ങളാണോ ചെയ്യുന്നത്?

ക്ഷേത്രാചാരങ്ങള്‍ക്ക് ആന നിര്‍ബ്ബന്ധമാണോ?

ആന പീഡനം തടയാന്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും ചെയ്യാനാവുമോ?

ബൂലോകത്തെ ആന പ്രേമികളേ, ഇവിടെ വന്ന് ഉറക്കെ ചിന്തിക്കൂ , ഞങ്ങളുമറിയട്ടെ.