Friday, February 16, 2007

വെടിയുണ്ട വിപ്ളവം

ഇപ്പോള്‍ മനസിലായില്ലേ ....ഇനിയാരും തര്‍ക്കിക്കരുത്. പിണറായി വിജയന്‍ കമ്യൂണിസ്റ്റ് ആശയങ്ങളില്‍ നിന്ന് അകന്നു പോകുന്നുവെന്നായിരുന്നല്ലോ നിങ്ങളുടെയൊക്ക ആരോപണം. കണ്ടില്ലേ ..അദ്ദേഹത്തിന്‍റെ കൈയ്യില്‍ വെടിയുണ്ട. വിപ്ലവം തോക്കില്‍ കുഴലിലൂടെ തന്നെയാണ് എന്ന കാര്യം അദ്ദേഹത്തിനു നൂറ്റിപ്പതിനൊന്നു ശതമാനം ഉറപ്പ്.അതെപ്പോള്‍ വേണമെങ്കിലും ആകാം എന്നു വച്ചാല്‍ പി.ബി.യോഗത്തിനിടയിലും നടന്നേക്കാം അതു കൊണ്ടാണ് തോക്കില്ലെങ്കിലും ഉണ്ടയെങ്കിലും കൈയ്യിലെടുത്തേക്കാമെന്ന് അദ്ദേഹം കരുതിയത്.(നല്ല മലപ്പുറം കത്തിയുമായി അച്യു സഖാവും യോഗത്തിലുണ്ടാകും.മറ്റുളളവരും മോശക്കാരല്ലല്ലോ)

സൈദ്ധാന്തികപരമായി പറഞ്ഞാല്‍ ഒരു കമ്യൂണിസ്റ്റ് കാരന് തോക്ക് നിഷിദ്ധ്യവസ്തുവാണോ ?
ക്യൂബയിലും റഷ്യയിലും ചൈനയിലും ഇങ്ങടുത്ത് നേപ്പാളില്‍ പോലും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ അടുത്ത് തോക്കിരുപ്പുണ്ടാകും.വര്‍ഗ ശത്രുക്കളുടെ ആക്രമണം എന്നും എപ്പോഴും പ്രതീക്ഷിക്കണം.കേരളത്തില്‍ യൂ.ഡി.എഫ് ഭരണകാലത്ത് ആക്രമണം ഉണ്ടാകുമെന്ന് ഭയന്ന പിണറായിക്ക് ലൈസന്‍സ് കൊടുത്തതും യൂ.ഡി.എഫ് തന്നെയാണ്.എന്തൊരു ഒൗദാര്യം !

രാഷ്ട്രീയക്കാരനെന്നു പറഞ്ഞാല്‍ രക്ത സാക്ഷിയാകേണ്ടവരാണ് എന്നൊരു മൗഢ്യം പണ്ടേ കഴുതകള്‍ക്കുണ്ട് .പാവം അഴിക്കോടന്‍ രാഘവന്‍ തുടങ്ങി നിരവധിപ്പേര്‍ ഈ വിശ്വാസ സംഹിതയില്‍ തട്ടി സ്വജീവന്‍ തൃജിച്ചട്ടുമുണ്ട്.പക്ഷേ കാലം മാറി .ആഗോളവല്‍ക്കരണത്തിന്‍റെ മേഘപടലങ്ങള്‍ക്കിടയിലൂടെ പുതിയ സിദ്ധാന്തങ്ങളുടെ കതിരൊളികള്‍ ലോകത്തേക്ക് പരന്നൊഴുകുന്ന കാലമാണിത്.ഇവിടെ നേതാക്കാള്‍ സ്വയം സംരക്ഷിക്കുകയും എതിര്‍ക്കുന്നവരെ വകവരുത്തുകയും വേണം.പണ്ട് ചാണക്യന്‍ അര്‍ത്ഥശാസ്ത്രത്തില്‍ പറഞ്ഞല്ലോ ഭരണാധികാരികള്‍ക്ക് സ്വന്തം നിലനില്‍പ്പിനു വേണ്ടി ശത്രുവിനെ കൊന്നു മലര്‍ത്താമെന്ന്. ഇങ്ങനെയൊക്കെ ചെയ്യുന്നതിനു ഒരു ഘടകം നിര്‍ബന്ധമാണ്.നല്ലൊന്നാന്തരം ശത്രു ഒരെണ്ണം വേണം. സമൂഹത്തിനു വേണ്ടി സ്വാര്‍ത്ഥ ലാഭങ്ങളില്ലാതെ സന്യാസതുല്യമായ ജീവിതം നയിക്കുന്ന രാഷ്ട്രിയക്കാരെ കൊല്ലാന്‍ തക്ക കഠിന ഹൃദയമുളള മലയാളികളുണ്ടോ ?

അപ്പോള്‍ പിണറായി നേരിടുന്ന സജീവ പ്രശ്നം ശത്രുക്ഷാമമാണ്.യൂ.ഡി.എഫുകാര്‍ ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞത് കോമഡിയായി പോയി.അതു മലയാളികള്‍ക്കറിയാം.ഗ്രൂപ്പുചര്‍ച്ച എന്ന കാര്യത്തിലൊഴികെ എവിടെയും അടി എന്നു പറഞ്ഞാല്‍ മാളത്തിലൊളിക്കുന്നവര്‍ക്ക് ഭീഷണിപ്പെടുത്താന്‍ പോയിട്ട് നേരെ നോക്കാന്‍ ശക്തി കാണില്ല.ഇനി അങ്ങനെ ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ രമേശ് ചെന്നിത്തല പറഞ്ഞയാള്‍ക്ക് മെംബര്‍ഷിപ്പുണ്ടോ എന്നു നോക്കിയാല്‍ മതി കാണില്ല അതാണ് യൂ.ഡി.എഫ്.മാത്രമല്ല കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയട്ട് പറഞ്ഞു വിടുന്നവനെ തട്ടാന്‍ ലോകത്താര്‍ക്കുമില്ലാത്ത തോക്കും കൊടുക്കുക .കഷ്ടം യൂ.ഡി.എഫ് ഒരു പാവമായിട്ടല്ലേ ഇങ്ങനെ പറയുന്നത്.കീറിയ ഷര്‍ട്ടുമിട്ടു ഉമ്മന്‍ ചാണ്ടിയും ചന്ദനക്കുറി തൊട്ട് രമേശ് ചെന്നിത്തലയും കൂടി ഒരു രാജസേനന്‍ സറ്റൈ്ല്‍ സിനിമ കാട്ടി രക്ഷപ്പെടാമെന്നു കരുതിയാല്‍ സമ്മതിക്കില്ല.പിണറായിയെ പോലെ ഒരു ഷാജി കൈലാസ് ചിത്രത്തിലൊന്നും അഭിനയിക്കാന്‍ അവര്‍ക്കൊട്ടു കഴിവുമില്ല.

പറഞ്ഞു വന്നു കാടു കയറി.അപ്പോള്‍ ശത്രുക്ഷാമം അവിടെയാണ് നമ്മള്‍ പറഞ്ഞു നിര്‍ത്തിയത്.അജാതശത്രുവാകുന്നവനു ഒരു കുഴപ്പമുണ്ട് മുരടിച്ചു പോകും വെറുതെയിരുന്നാല്‍ തോക്കും തുരുന്പെടുക്കും.അപ്പോള്‍ തമ്മിലടിക്കാന്‍ ആരെങ്കിലും വേണം .അതും പാര്‍ട്ടി നടത്തിക്കൊടുക്കും .പ്രാക്ടീസിനു കിട്ടിയിരിക്കുന്നത് ചില്ലറക്കാരനെയല്ല സാക്ഷാല്‍ ശ്രീമാന്‍ അച്യൂമ്മാവനെ തന്നെയാണ്.

അങ്ങനെ കളിക്ക് തുടങ്ങിയ അടിയാണ്.പക്ഷേ കളി മൂത്തപ്പോള്‍ കളരി പഠിപ്പിക്കാന്‍ വന്നവന്‍ കാരണവരെ തല്ലി താഴെയിട്ടതു പോലെയായി കാര്യങ്ങള്‍ .അവസാനം നാട്ടുകാര്‍ നാടുവാഴിയെക്കാള്‍ കേമന്‍ കളരിയാശാനാണെന്ന് പറഞ്ഞു തുടങ്ങി.പാട്ടു പാടിനടക്കുന്ന പാണന്‍മാരാണ് കുറ്റക്കാരെന്ന് നാടുവാഴി മൊഴിഞ്ഞെങ്കിലും ആരുമത് മുഖവിലക്കെടുത്തിട്ടില്ല.ഇപ്പോള്‍ ഒരു ഭയം മാത്രമെയുളളു.നാട്ടുകാരയും കൂട്ടി കളരിയാശാന്‍ ഇല്ലം കൂടി പിടിച്ചെടുത്താലോ...കളരിയോ പോയി ഇനി ഇല്ലവും പോയാലെത്തെ സ്ഥിതി ...? അപ്പോള്‍ പിന്നെ ഒരു തോക്കുമായി നടക്കുന്നതാണ് സുരക്ഷക്ക് നല്ലത്. വന്നു കയറുന്ന വിപ്ലവത്തെ ചുട്ടുകളയാമല്ലോ....ഞാന്‍ പറഞ്ഞില്ലേ ...വിപ്ലവം വരുന്നത് തോക്കിന്‍ കുഴലിലൂടെ തന്നെ...

2 comments:

നാരദന്‍ said...

സൈദ്ധാന്തികപരമായി പറഞ്ഞാല്‍ ഒരു കമ്യൂണിസ്റ്റ് കാരന് തോക്ക് നിഷിദ്ധ്യവസ്തുവാണോ ?
ക്യൂബയിലും റഷ്യയിലും ചൈനയിലും ഇങ്ങടുത്ത് നേപ്പാളില്‍ പോലും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ അടുത്ത് തോക്കിരുപ്പുണ്ടാകും.വര്‍ഗ ശത്രുക്കളുടെ ആക്രമണം എന്നും എപ്പോഴും പ്രതീക്ഷിക്കണം.കേരളത്തില്‍ യൂ.ഡി.എഫ് ഭരണകാലത്ത് ആക്രമണം ഉണ്ടാകുമെന്ന് ഭയന്ന പിണറായിക്ക് ലൈസന്‍സ് കൊടുത്തതും യൂ.ഡി.എഫ് തന്നെയാണ്.എന്തൊരു ഒൗദാര്യം !

paarppidam said...

അവസരോചിതം നാരദരെ.നന്നായിരിക്കുന്നു.യു.ഡി.എഫുകാര്‍ ഭീഷണിപ്പെടുത്തീന്നു പരഞ്ഞാല്‍ പ്രിഥിരാജിന്റെ ഒരു സിനിമയില്‍ പറയുന്നപോലെ ആന അണ്ണാനെ ബലാല്‍സംഗം ചെയ്തൂന്ന് പറയുന്നപോലെയാണ്‌.